Mon. Dec 23rd, 2024

യുഎസിലേക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കിൽ  ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പിൻവലിക്കുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്‌ഫോംസ്. മുൻപ് ഒഴിവാക്കിയ സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതിനായി യൂറോപ്പ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മെറ്റയുടെ ഭീഷണി. 

2020 ലായിരുന്നു അമേരിക്കയിലേക്ക് ഡാറ്റ കൈമാറുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തി യുറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വിവര കൈമാറ്റ കരാര്‍ പിന്‍വലിച്ചത്. ആയിരത്തോളം കമ്പനികൾ ഈ കരാറിനെ ആശ്രയിച്ചിരുന്നു. 

ഇത് സംബന്ധിച്ച് നിലവിലുള്ള കരാറിനെയോ, പുതിയ കരാറിനെയോ ആശ്രയിക്കാനായില്ലെങ്കില്‍ തങ്ങളുടെ സുപ്രധാന സേവനങ്ങൾ യൂറോപ്പില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് മെറ്റ പ്ലാറ്റ്‌ഫോം തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സമാനമായ ഭീഷണി കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടിലും കമ്പനി പറഞ്ഞിരുന്നു. 

ഞങ്ങള്‍ക്ക് യൂറോപ്പില്‍ നിന്നും പിന്മാറാൻ ആഗ്രഹമോ പദ്ധതിയോ ഇല്ല. പക്ഷെ  മെറ്റായും മറ്റ് വാണിജ്യ സ്ഥാപനങ്ങളും സംഘടനകളും സേവനങ്ങളും യൂറോപ്യന്‍ യൂണിയനും യുഎസും തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തെ ആശ്രയിക്കുന്നുണ്ട് എന്നാണ് മെറ്റ വക്താവ് പറയുന്നത്. യൂറോപിലെ കര്‍ശന നിയന്ത്രണങ്ങളുടെ ഫലമായാണ് ഫെയ്‌സ്ബുക്കിന് അടുത്തിടെ കനത്ത നഷ്ടം ഉണ്ടായതെന്ന് കമ്പനി ആരോപിച്ചിരുന്നു.