Fri. Jul 18th, 2025

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് മിനിമം പത്തു രൂപയായി ഉയർത്തുന്നു. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. ബസ് ചാർജ് വർധനവ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. നിരക്ക് വർദ്ധനവ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. 

പുതുക്കിയ നിരക്ക് പ്രകാരം നിലവിൽ എട്ട് രൂപയുള്ള മിനിമം ചാർജ് പത്ത് രൂപയായും, കിലോമീറ്ററിന് ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയായും ഉയർത്തും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് മിനിമം ചാർജ് 14 രൂപയാക്കും. രണ്ട് രൂപയിൽ നിന്നും വിദ്യാർത്ഥികളുടെ കൺസെഷൻ അഞ്ച് രൂപയാക്കിയും ഉയർത്തും. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 

പുതുക്കിയ നിരക്ക് മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കേരളത്തിലെ ബസ് ചാർജ് നിരക്ക് വർധിപ്പിക്കുന്നത്.