Mon. Dec 23rd, 2024

കോൺഗ്രസ് പാർട്ടി വേണ്ടെന്ന് മഹാത്മാഗാന്ധി പോലും ആഗ്രഹിച്ചിരുന്നതായി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അർബൻ നക്‌സലുകൾ’ കോൺഗ്രസ് ചിന്തകളെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. അടിയന്തരാവസ്ഥയും, ജാതി രാഷ്ട്രീയവും, സിഖുകാരുടെ കൂട്ടക്കൊലയും കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ ഉണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

കോൺഗ്രസ് ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നെന്ന്  മഹാത്മാ ഗാന്ധിക്ക് അറിയാമായിരുന്നു. അതിനാലാണ് കോൺഗ്രസ് പിരിച്ചുവിടാൻ അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹം പോലും ആഗ്രഹിച്ച കാര്യമായിരുന്നത്. ‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന ചിന്തയുടെ ഫലമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മഹാത്മാഗാന്ധിയുടെ ആവശ്യപ്രകാരം കോൺഗ്രസ് ഇല്ലാതായിരുന്നെങ്കിൽ, ഒരു രാജവംശത്തിൽ നിന്ന് ജനാധിപത്യം മുക്തമാകുമായിരുന്നു. വിദേശ കാഴ്ചപ്പാടിനു പകരം ദേശീയ പ്രമേയങ്ങളുടെ പാതയിൽ ഇന്ത്യ നടക്കുമായിരുന്നു. കോൺഗ്രസ് ഒരിക്കലും ഒരു രാജവംശത്തിനപ്പുറം ചിന്തിച്ചിട്ടില്ല. തോൽവിയും വിജയവും സംഭവിക്കുമെന്നും എന്നാൽ നിരാശ ജനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.