Fri. Nov 22nd, 2024

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരുടെ എണ്ണം ആറര കോടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം നൂറുശതമാനത്തോട് അടുക്കുമ്പോഴാണ് രണ്ടാം ഡോസെടുക്കാൻ ഇത്രയും ആളുകൾ ബാക്കിയുള്ളത്. വാക്സിൻ സ്വീകരിക്കാതെ മാറിനിൽക്കുന്നവരെ കണ്ടെത്തി വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ജില്ലാതലം മുതലുള്ള അധികൃതർക്ക് ആദ്യഡോസ് വാക്സിൻ എടുത്തവരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ നിന്ന് ലഭ്യമാകും. രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ട കാലാവധി കഴിഞ്ഞിട്ടും വാക്സിൻ സ്വീകരിക്കാത്തവരെ പോർട്ടൽ പരിശോധിച്ച് കണ്ടെത്തണം. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ഇവരുടെ വീടുകളിൽ നേരിട്ട് പോയി വാക്സിനേഷന്റെ ഗുണഫലങ്ങളെക്കുറിച്ച് ബോധവത്കരിച്ച് വാക്സിൻ എടുപ്പിക്കണം. വാക്സിനേഷൻ പൂർത്തിയാകണമെങ്കിൽ രണ്ട് ഡോസ് വാക്സിനും എടുക്കണമെന്ന് അവരെ ബോധ്യപ്പെടുത്തണം. ആവശ്യമുണ്ടെങ്കിൽ ഇവർക്ക് വേണ്ടി പ്രത്യേക വാക്സിൻ യജ്ഞവും നടത്താം. 

വാക്സിൻ കൃത്യമായ ഇടവേളകളിൽ തന്നെ എടുക്കണമെന്നും, എങ്കിൽ മാത്രമേ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 94 കോടി മുതിർന്നവരാണ് രാജ്യത്ത് വാക്സിനേഷന് അർഹതയുള്ളത്.