Wed. Jan 22nd, 2025
കോട്ടയം:

റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ ‘റണ്ണിങ്‌ കോൺട്രാക്ട്‌ സംവിധാനം’ ഒരുക്കാൻ കോട്ടയത്തും പൊതുമരാമത്ത്‌ വകുപ്പിന്റെ തയ്യാറെടുപ്പ്‌. കുഴി അടയ്‌ക്കലും മറ്റ്‌ അറ്റകുറ്റപ്പണികളും തീർക്കാൻ ഒരുവർഷത്തെ കരാർ നൽകുന്നതാണ്‌ പദ്ധതി. തുടക്കത്തിൽ ആറ്‌ പിഡബ്ല്യുഡി സെക്‌ഷനിലായി ഏഴ്‌ റോഡുകൾ ഉൾപ്പെടുത്തി.

പദ്ധതി വിജയകരമെങ്കിൽ കൂടുതൽ റോഡുകളും ഇതേനിലയ്‌ക്ക്‌ അറ്റകുറ്റപ്പണിക്ക്‌ ഏൽപ്പിക്കും. ചങ്ങനാശേരി സെക്‌ഷനിൽ രണ്ടും കറുകച്ചാൽ, ഏറ്റുമാനൂർ, തലയോലപ്പറമ്പ്‌, വൈക്കം, കുറവിലങ്ങാട്‌ സെക്‌ഷനുകളിൽ ഓരോ റോഡുകളുമാണ്‌ കരാർ നൽകിയത്‌. പിഡബ്ല്യുഡി മെയിന്റനൻസ്‌ വിഭാഗത്തിനാണ്‌ ചുമതല.

എസ്‌റ്റിമേറ്റിനും ടെൻഡറിനും കാത്തിരിക്കാതെ ഓരോ മേഖലയ്‌ക്കും നിശ്ചയിച്ച കരാറുകാരനെ അറ്റകുറ്റപ്പണി ഏൽപ്പിക്കുന്നതാണ്‌ റണ്ണിങ് കോൺട്രാക്ട്. ഈ കരാറുകാരന്റെയും ചുമതലപ്പെട്ട എൻജിനിയറുടെയും ഫോൺ നമ്പർ പ്രദർശിപ്പിക്കും.
നിലവിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്‌.

എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയാൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കണം. പിന്നീട്‌ ടെൻഡർ വിളിച്ച്‌ കരാർ ഉറപ്പിച്ച്‌ പണി തുടങ്ങണമെങ്കിൽ മാസങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാകണം. ഇതിനകം ജനങ്ങളുടെ പഴിയും ഏറും. റണ്ണിങ് കോൺട്രാക്ടിൽ ഓരോ മേഖലയ്‌ക്കും ഓരോ കരാറുകാരനെ നിശ്ചയിക്കുന്നതിലുടെ അറ്റകുറ്റപ്പണി എളുപ്പമാകും.

പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസാണ്‌ പദ്ധതി നിർദേശിച്ചത്‌. റണ്ണിങ്‌ കോൺട്രാക്ടിൽ വരാത്ത റോഡുകളുടെ അറ്റകുറ്റപ്പണിയ്‌ക്കും ടെൻഡർ നടപടികൾ തുടങ്ങി. മഴക്കാലത്ത്‌ നശിച്ച റോഡുകൾ നിർമിക്കുന്നതിനാണ്‌ മുൻഗണന. കോട്ടയം–കുമരകം റോഡ്‌, ചാലുകുന്ന്‌ –ചുങ്കം റോഡ്‌ എന്നിവ പൂർത്തീകരിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി മഴക്കെടുതിയിൽ നശിച്ച 62 റോഡുകളുടെ അറ്റകുറ്റപ്പണിയാണ്‌ നടത്തുന്നത്‌. ഇതിനായി 445 ലക്ഷം രൂപ അനുവദിച്ചു.