ലണ്ടൻ:
സി പി എം 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ലണ്ടനിൽ അന്താരാഷ്ട്ര സമ്മേളനം. സിപിഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്ൻ്റെ നേതൃത്വത്തിലാണ് ലണ്ടനിലെ ഹീത്രൂവിൽ ഫെബ്രുവരി അഞ്ച്, ആറ് തിയതികളിൽ സമ്മേളനം നടക്കുന്നത്. എഐസിയുടെ 19-ാം ദേശീയ സമ്മേളനം കൂടിയാണിത്.
സമ്മേളനത്തിനു മുന്നോടിയായി ലണ്ടനിൽ പതാകജാഥ നടന്നു. 22ന് കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിൽനിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ശവകുടീരത്തിനടുത്ത് നടന്ന ചടങ്ങിൽ എഐസി ബ്രിട്ടൻ-അയർലൻഡ് സെക്രട്ടറി ഹർസേവ് ബെയിൻസ് പതാക സമ്മേളന സ്വാഗതസംഘം കൺവീനർ രാജേഷ് കൃഷ്ണയ്ക്ക് കൈമാറി.
ഇവിടെനിന്ന് പദയാത്രയായി പുറപ്പെട്ട് പതാക മാർക്സ് മെമ്മോറിയൽ ലൈബ്രറിയിലും ഇവിടെനിന്ന് ഹീത്രുവിലെ സമ്മേളന നഗരിയിലുമെത്തിച്ചു. ഫെബ്രുവരി അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.