Fri. Apr 19th, 2024
പത്തനംതിട്ട:

പത്തനംതിട്ട റാന്നിയിൽ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾക്ക് നേരെ വീണ്ടും അതിക്രമം. എട്ട് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ ഇടിച്ചുനിരത്തി. ഈ മാസം 16നാണ് കിണർ ഇടിച്ചുനിരത്തിയത്.

പഞ്ചായത്ത് അംഗത്തിന്റെയും സമീപവാസികളുടെയും നേതൃത്വത്തിലാണ് കിണർ നശിപ്പിച്ചതെന്നാണ് ദളിത് കുടുംബാംഗങ്ങൾ പറയുന്നത്.അതിക്രമം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് കുടുംബങ്ങൾ ആരോപിച്ചു. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയകാവിലിലാണ് എട്ട് ദളിത് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി ഇഷ്ടദാനമായി ലഭിച്ചത്.

അതിനിടെയാണ് പഞ്ചായത്ത് അംഗം അടക്കമുള്ള പരിസരവാസികൾ ജാതിയുടെ പേരിൽ ഇടഞ്ഞു. ഇഷ്ടദാനം കിട്ടിയ ഭൂമിയിൽ വീടുവെക്കാനും ഇവർ സമ്മതിച്ചിരുന്നില്ല. പരിസരവാസികൾ വഴിയടക്കുകയും ചെയ്തിരുന്നു.

ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് എസ് സി എസ്ടി കമ്മീഷൻ സ്ഥലം സന്ദർശിച്ചിരുന്നു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കാനും അന്വേഷണം നടത്താനും കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി നിർദേശിക്കുകയും ചെയ്തിരുന്നു. കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും നിർദേശം നൽകുകയും ചെയ്തിരുന്നു.

തുടർന്നാണ് ഇവർ വീടുപണി തുടങ്ങിയത്. താമസം തുടങ്ങാറായപ്പോഴാണ് എസ് സി, എസ്ടി കമ്മീഷന്റെ നിർദേശമൊന്നും വകവെക്കാതെ പൊതുകിണർ ഇടിച്ചുനിരത്തിയത്. കിണർ നിരത്തിയതിനെ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് അംഗം ഷെർളി ജോർജും ബൈജു സെബാസ്റ്റ്യൻ എന്നിവരടക്കമുള്ളവരാണ് കിണർ മൂടിയത് എന്നാണ് ദളിത് കുടുംബങ്ങൾ പരാതി നൽകിയത്.

പൊതുകിണർ മൂടിയത് സംബന്ധിച്ച് കേസെടുത്തിട്ടുണ്ടെന്നാണ് റാന്നി പൊലീസ് പറയുന്നത്. എന്നാൽ യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ലെന്നും. എന്നാൽ കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കുടുംബങ്ങൾ ആരോപിച്ചു.