കാഞ്ഞങ്ങാട്:
ഇരുപത് വർഷത്തോളം നീണ്ട മുറവിളിക്കൊടുവിൽ പാലം വന്നെങ്കിലും പൂങ്കാക്കുതിരുകാർക്ക് ഇനിയും റോഡായില്ല. പള്ളത്തുവയൽ പുതിയകണ്ടം ഭാഗത്തു നിന്ന് വരുന്നവരാണ് ദുരിതമനുഭവിക്കുന്നത്. നേരത്തെയുണ്ടായിരുന്ന നടപ്പാലം പൊളിച്ചാണ് 2020 ഏപ്രിൽ 20ന് പൂങ്കാക്കുതിർ വി സി ബി കം ബ്രിഡ്ജ് നിർമാണം പൂർത്തിയാക്കിയത്.
കാസർകോട് വികസന പാക്കേജിൽപെടുത്തി ചെറുകിട ജലസേചന വകുപ്പാണ് 90 ലക്ഷം രൂപ ചെലവിട്ട് ഇത് നിർമിച്ചത്. 2017- 18 വർഷത്തിൽ പ്രഖ്യാപിച്ച പദ്ധതിയായിട്ടും മറുകരയിൽ റോഡ് വന്നിട്ടില്ല. എരിക്കുളത്ത് നിന്ന് കൂലോം റോഡിലേക്ക് ഇതുവഴി ദൂരം കുറവാണ്.
കക്കാട്ട് അമ്പലം, അട്ടക്കാട്ട് ഭഗവതി ക്ഷേത്രം, കക്കാട്ട് പുതിയ വീട് എന്നിവിടങ്ങളിലേക്കും ഇതുവഴി പോകാം. മറുകരയിൽ നിന്നും പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ പോകാനും നാടുചുറ്റേണ്ടി വരില്ല. കേവലം 300 മീറ്റർ ഭാഗത്ത് റോഡ് വന്നാൽ പരിഹാരമാകും.
ഇരുപത് വർഷമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാലം കിട്ടിയതെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ വി സി ബി മാത്രമാണ് ഉണ്ടായിരുന്നത്. ഇത് തീർത്തും ഉപയോഗ ശൂന്യമായപ്പോഴാണ് വണ്ടിക്ക് പോകാവുന്ന വി സി ബി കം ബ്രിഡ്ജ് ഉണ്ടാക്കിയത്. ഇതിനിടെ ചാൽ നികന്നുപോയതും പ്രയാസമായി.
1979 കാലത്തൊക്കെ ആഴമേറിയ ചാൽ ഭീഷണിയായിരുന്നു. എന്നാലിന്നിവിടെ മുട്ടോളം വെള്ളമെ ഉണ്ടാകാറുള്ളൂ. കര കെട്ടി സംരക്ഷിക്കാനുള്ള പദ്ധതിയും പുഴ ആഴം കൂട്ടാനുള്ള സംവിധാനവും വേണെന്നാണ് നാട്ടുകാരുടെ ആവശ്യം.