Mon. Dec 23rd, 2024
തൃശൂർ:

ഹിമഗിരി വീടിന്റെ മതിൽ ജീവനുള്ളതായിരുന്നെങ്കിൽ ഓരോ വാഹനം വരുമ്പോഴും ഓടി രക്ഷപ്പെട്ടേനെ. ഇതുവരെ വാഹനം ഇടിച്ച് ഈ മതിൽ തകർന്നത് എൺപതിലേറെ തവണ. ചെമ്പുക്കാവ് ചെറുമുക്ക് അമ്പലം വളവിലുള്ള ഹിമിഗിരി വീടിന്റെ മതിലിനാണ് ഈ ദുര്യോഗം.

ബുധനാഴ്ച രാത്രി കാറിടിച്ച് മതിൽ വീണ്ടും തകർന്നു. പുതുക്കിപ്പണിതു ഗതികെട്ട വീട്ടുടമ ശ്യാം കൗൺസിലർ റെജി ജോയി വഴി മരാമത്ത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രതീഷ് സ്ഥലം സന്ദർശിച്ചു.

റോഡിന്റെ പണി തുടങ്ങിയിട്ടുള്ളതിനാൽ കരാറുകാരെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും എൻജിനീയർ ഉറപ്പുനൽകി. 1975ലാണു വീടും മതിലും പണിതത്. അന്നുമുതൽ രാവും പകലും വാഹനങ്ങൾ ഇടി തുടങ്ങി. 2 വണ്ടികൾ വരെ ഇടിച്ച ദിവസങ്ങളുണ്ട്.

മതിൽ പുതുക്കി പണിതാലും അധികം ആയുസ്സുണ്ടാവില്ല. പാട്ടുരായ്ക്കൽ ജംക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ വളവിലേക്കു തിരിയും. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിഞ്ഞുകിട്ടാൻ പാടുപെടും.

അപ്പോഴാണ് ഗതിതെറ്റി ശ്യാമിന്റെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറുന്നത്. ലോറികൾ മുതൽ ചെറുകാറുകൾ വരെ മതിലിനേട് ‘സ്നേഹം കൂടും’. കേസിനും കൂട്ടത്തിനുമൊന്നും ശ്യാം പോകാറില്ല. ചിലർ മതിൽക്കെട്ടാനുള്ള പണം നൽകി പോകാറുണ്ട്. ചിലർ മിണ്ടാതെ വാഹനമെടുത്തു സ്ഥലം വിടുകയും ചെയ്യും.

ഇതുവരെ അപകടങ്ങളിൽ ആളപായമൊന്നുമുണ്ടായില്ല. വീടിനും തകരാറില്ല. അതുതന്നെ ആശ്വാസമെന്നു ശ്യാം പറയുന്നു. മതിൽ പണിതു പണിത് മടുത്തതിനാലാണ് ഇപ്പോൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്.