പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ ടി നടരാജൻ. കളിക്കളത്തിൽ മടങ്ങിയെത്താൻ താൻ കാത്തിരിക്കുകയാണെന്ന് നടരാജൻ പറഞ്ഞു. കാൽമുട്ടിനു പരുക്കേറ്റ് ഏറെക്കാലമായി പുറത്തിരുന്ന നടരാജൻ ഇപ്പോൾ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയാണ്.
പരുക്കേറ്റ നടരാജന് കഴിഞ്ഞ ഐപിഎൽ രണ്ടാം പാദം അടക്കം നഷ്ടമായിരുന്നു. “ഞാൻ പൂർണ ഫിറ്റാണ്. എൻ്റെ കാൽമുട്ടിലെ പരുക്ക് ഭേദമായി. രഞ്ജി ട്രോഫിക്കും ഐപിഎലിനുമായി ഞാൻ ഇപ്പോൾ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. നന്നായി പന്തെറിയാൻ കഴിയുന്നുണ്ട്. നല്ല പേസ് ലഭിക്കുന്നുണ്ട്.
ഞാൻ എൻ്റെ ബൗളിംഗ് ആസ്വദിക്കുകയാണ്. പന്തിൻ്റെ വേഗത ഞാൻ അത്ര കണക്കാക്കുന്നില്ല. നിയന്ത്രണം വർദ്ധിപ്പിക്കാനാണ് ശ്രമം നടത്തുന്നത്.”- നടരാജൻ പറഞ്ഞു. തൻ്റെ ഗ്രാമത്തിൽ നടരാജൻ ക്രിക്കറ്റ് മൈതാനം ആരംഭിച്ചിരുന്നു.
നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിലാണ് കഴിഞ്ഞ ഡിസംബറിൽ താരം മൈതാനം ആരംഭിച്ചിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നടരാജൻ തന്നെ ഇക്കാര്യം പങ്കുവച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മൈതാനമാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് നടരാജൻ കുറിച്ചു.