തൃശൂർ:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണികൾക്ക് ‘നിയമന വിലക്ക്’ വീണ്ടും. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ൽ പിൻവലിച്ച വിലക്കാണ് പുനഃസ്ഥാപിച്ചത്.
ഇതുസംബന്ധിച്ച സർക്കുലർ ബാങ്കിന്റെ എല്ലാ ലോക്കൽ ഹെഡ് ഓഫിസുകളിലും സർക്കിൾ ഓഫിസുകളിലും ലഭിച്ചു. എസ്ബിഐയിൽ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗർഭിണിയാണെങ്കിൽ, അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ നിയമനത്തിന് ‘താൽക്കാലിക അയോഗ്യത’യായി കണക്കാക്കുമെന്ന് ഇതിൽ പറയുന്നു. ഇവർ പ്രസവം കഴിഞ്ഞ് നാല് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
അതായത്, ഗർഭിണികൾക്ക് മൂന്ന് മാസം കഴിഞ്ഞാൽ നിയമനം നിഷേധിക്കുന്നെന്ന് മാത്രമല്ല പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുന്നുമില്ല. ഡിസംബർ 21ന് ചേർന്ന യോഗമാണ് നിലവിലെ വ്യവസ്ഥകൾ മാറ്റിയുള്ള ഈ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ പറയുന്നു.