Sat. Apr 20th, 2024
ന്യൂഡല്‍ഹി:

മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു വർഷം നീണ്ട അന്വേഷണത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സ്‌പൈവെയർ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു. ആഭ്യന്തര നിരീക്ഷണത്തിനായി വർഷങ്ങളോളം ഇത് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു, സോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ ചാര സോഫ്റ്റ്വെയര്‍ എങ്ങനെയെല്ലാം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. മെക്സിക്കൊ വിമതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയും, സൗദി അറേബ്യ വനിതാ അവകാശ പ്രവർത്തകർക്കും സൗദി കൊലപ്പെടുത്തിയ കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൂട്ടാളികൾക്കുമെതിരെയും സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പോളണ്ട്, ഹംഗറി, ഇന്ത്യ എന്നിവയുള്‍പ്പടെ മറ്റ് രാജ്യങ്ങൾക്കും പെഗാസസ് നൽകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.