Wed. Jan 22nd, 2025
കോഴിക്കോട്:

ബാലമന്ദിരത്തിൽ മാനസിക പീഡനമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പെൺകുട്ടികൾ. തിരികെ അങ്ങോട്ടേക്ക് പോകാൻ താത്പര്യമില്ലെന്നും പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടികൾ പൊലീസിനു മൊഴിനൽകി. പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ബാലമന്ദിരത്തിലെ ജീവനക്കാർ പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. 17 വയസ്സിൽ കൂടുതലുള്ളവർ അവിടെയുണ്ട്. അവർ കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. പഠിക്കണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലേക്ക് തിരികെ പോകാൻ സാഹചര്യമില്ലെന്നും പെൺകുട്ടികൾ പറഞ്ഞു.

മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.

ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോടെത്തിച്ചു. ആറ് പെണ്‍കുട്ടികളെയും ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കും. അതെ സമയം പെണ്‍കുട്ടികള്‍ക്ക് യാത്രയില്‍ ഉടനീളം ഗൂഗിള്‍ പേ വഴി പണം അയച്ചു കൊടുത്തത് എടക്കര സ്വദേശിയായ യുവാവ് ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ യുവാവിനെ കാണാനായി കുട്ടികള്‍ എടക്കരയില്‍ എത്തിയ സമയത്താണ് പിടിയിലായത്.

കുട്ടികളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രണ്ട് യുവാക്കളേയും രാത്രിയോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഈ യുവാക്കളാണ് കുട്ടികള്‍ക്ക് ലഹരിയടക്കം കൈമാറിയത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഏതെങ്കിലും ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

27നാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളും ബം​ഗളൂരുവിലേക്കാണ് പോയത്. ഇതിൽ രണ്ട് പേരെ ബം​ഗളൂരുവിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. ബാക്കി നാല് പെൺകുട്ടികൾ ബം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി പാലക്കാട്ടെത്തിയപ്പോൾ അന്വേഷണ സംഘം കണ്ടെത്തി.