Mon. Dec 23rd, 2024
കൊല്ലം:

മുണ്ടകപ്പാടത്തെ 360 ഏക്കറിൽ ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പാക്കുന്നു. 50 മെഗാവാട്ട്‌ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന 300 കോടിയുടെ പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്നത്‌ ടാറ്റാ പവർ സോളാറാണ്‌. നാടിൻറെ ഇരുട്ടകറ്റാനും ഒപ്പം നൂറോളം തൊഴിൽ അവസരങ്ങൾ നൽകാനും ഈ പദ്ധതി സഹായിക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പദ്ധതിയെന്ന പടിഞ്ഞാറെ കല്ലട ഗ്രാമത്തിന്റെ സ്വപ്നത്തിന്‌ സംസ്ഥാന ബജറ്റിൽ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാർ. ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച്‌ പദ്ധതി നടത്താനാകില്ലെന്നത്‌ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന്‌ പടിഞ്ഞാറെ കല്ലട പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി നിവേദനവും സമർപ്പിക്കും.

പദ്ധതി നടത്തിപ്പ്‌ ചുമതലയുള്ള നാഷണൽ ഹൈഡ്രോ ഇലക്ട്രിക്‌ പവർ കോർപറേഷനും (എ ൻഎച്ച്പി സി) ടാറ്റാ പവർ സോളാറും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്‌. ഇവിടെ 260 ഏക്കർ കർഷകരുടേതും 100 ഏക്കർ പഞ്ചായത്തിന്റേതുമാണ്.- കർഷകർ അടങ്ങുന്ന വെസ്റ്റ്കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 25 വർഷത്തേക്ക് ഭൂമി എൻഎച്ച്പിസിക്ക് പാട്ടത്തിനു നൽകിയത്.

ലാഭവിഹിതത്തിന്റെ നാലു ശതമാനം എൻഎച്ച്പി സി ഭൂമി വിട്ടുനൽകിയ കർഷകർക്കും പഞ്ചായത്തിനും നൽകും. യൂണിറ്റിന്‌ 3.50 രൂപയ്‌ക്ക്‌ വൈദ്യുതി വാങ്ങുമെന്നായിരുന്നു കെഎസ്‌ഇബി മുൻപ്‌ പറഞ്ഞിരുന്നത്‌. എന്നാൽ ഒടുവിൽ 2.45 രൂപയാണ്‌ കെഎസ്‌ഇബി പറഞ്ഞിരുന്നത്‌. വില സംബന്ധിച്ച്‌ അടുത്തിടെ വൈദ്യുതി ബോർഡ്‌ ചെയർമാൻ ഡോ കെ അശോകനുമായി എൻഎച്ച്പിസി പ്രതിനിധി വാൾട്ടർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവർ ചർച്ച നടത്തിയിരുന്നു. കേരളത്തിലെ അഞ്ചു ഡാമുകളിൽ നടപ്പാക്കുന്ന ഫ്ലോട്ടിങ്‌ സോളാർ പദ്ധതിയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്ന അതേ തുക പടിഞ്ഞാറെ കല്ലടയിലെ വൈദ്യുതിക്കും നൽകാമെന്ന്‌ ധാരണ ആയിയിട്ടുണ്ട്‌.