Wed. Jan 22nd, 2025
ബോംബെ:

ശകാരിച്ചതിന്‍റെ പേരിൽ പിതാവിനെ കൊല്ലാൻ മകന് അവകാശമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈകോടതി. പിതാവ് ശകാരിച്ചതിന്‍റെ പേരിൽ പ്രകോപിതനായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് കാണിച്ച് പ്രതിയായ നേതാജി ടെലി നൽകിയ ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി. കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈകോടതി ശരിവച്ചു. ജസ്റ്റിസുമാരായ വിശ്വാസ് ജാദവ്, സന്ദീപ്കുമാർ മോർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പ്രതിയായ നേതാജി ടെലി കോലാപൂരിലെയും ഷിർദിയിലെയും ക്ഷേത്രങ്ങളിൽ പൂജാരിയായിരുന്നു. 2013 ഡിസംബറിൽ ജോലിയുമായി ബന്ധപ്പെട്ട് നേതാജിയും പിതാവും തമ്മിൽ വാക്ക് തർക്കങ്ങളുണ്ടായി. ശകാരത്തിൽ പ്രകോപിതനായ നേതാജി പിതാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഇതിനെ മനപൂർവ്വമല്ലാത്ത നരഹത്യയായി കണ്ട് ശിക്ഷ കുറക്കണമെന്നും ജസ്റ്റിസ് ജാദവ് അധ്യക്ഷനായ ബെഞ്ചിനോട് നേതാജി അഭ്യർത്ഥിച്ചു. എന്നാൽ ഈ വാദത്തിന് സാധുതയില്ലെന്ന് അഭിപ്രായപ്പെട്ട് കോടതി ഹരജി നിരസിക്കുകയായിരുന്നു.