ബംഗ്ലാദേശ്:
ലോകത്തിലെ ഏറ്റവും മികച്ച പുതിയ കെട്ടിടമായി ബംഗ്ലാദേശ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർകിടെക്റ്റ്‌സാണ് സത്കിറയിലെ ഫ്രണ്ട്ഷിപ് ആശുപത്രികെട്ടിടം 2021ലെ അന്താരാഷ്ട്ര ആർഐബിഎ പ്രൈസിന് തിരഞ്ഞെടുത്തത്.
കരുതലും മാനവികതയും അവയുടെ രൂപഘടനയുടെ ഹൃദയത്തിൽ തന്നെയുണ്ടെന്ന് വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശികമായി ലഭിക്കുന്ന മൺകട്ടകൾ ഉപയോഗിച്ചാണ് കെട്ടിടനിർമാണം നിർവഹിച്ചിരിക്കുന്നത്. പ്രശാന്തമായ നിരവധി മുറ്റങ്ങളോടെയാണ് 80 കിടക്കകളുള്ള ആശുപത്രി കെട്ടിടം നിർമിച്ചത്. തണലുള്ള നടപ്പാതകളുമുണ്ട്.
കിടത്തി ചികിത്സക്കെത്തുന്നവർക്കും അല്ലാത്തവർക്കുമുള്ള ബ്ലോക്കുകൾക്കിടയിൽ ഒരു കനാൽ സജ്ജീകരിച്ചിട്ടുണ്ട്. പരിസരത്തെ ഭൂപ്രകൃതിക്ക് യോജിക്കുന്ന തരത്തിൽ കെട്ടിട നിർമാണം നടത്തിയതായി ആർഐബിഎ ചൂണ്ടിക്കാണിച്ചു. കെട്ടിട രൂപഘടനയും സാമൂഹിക സ്വാധീനവും പരിഗണിച്ചാണ് രണ്ടു വർഷത്തിലൊരിക്കൽ ഈ അവാർഡ് നൽകുന്നതെന്ന് ആർഐബിഎ അധികൃതർ അറിയിച്ചു.