Wed. Jan 22nd, 2025

പരിശീലനം പൂർണ തോതിൽ പുനരാരംഭിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. താരങ്ങളിൽ ഭൂരിഭാഗം പേരും ഐസൊലേഷനിൽ നിന്ന് പുറത്തുവന്നു. ക്യാമ്പിലെ കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയിരുന്നില്ല.

നിലവിൽ വിദേശ താരങ്ങളടക്കമുള്ളവർ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 12ന് ഒഡീഷക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് വ്യാപനമുണ്ടായത്. തുടർന്ന് താരങ്ങളും സപ്പോർട്ട് സ്റ്റാഫുമൊക്കെ ഐസൊലേഷനിൽ പ്രവേശിച്ചു.

ക്ലബിൽ കൊവിഡ് ബാധ രൂക്ഷമായിരുന്നു എന്നാണ് വിവരം. എത്ര താരങ്ങൾക്ക് കൊവിഡ് ബാധയുണ്ടായി എന്നത് വ്യക്തമല്ല. പോസിറ്റീവായി രണ്ടാഴ്ച കഴിഞ്ഞിട്ടും പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടില്ല.

അഡ്രിയാൻ ലൂണ ഒഴികെയുള്ള വിദേശ താരങ്ങൾ പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. ആൽവാരോ വാസ്കസ്, ജോർജ് പെരേര ഡിയാസ്, എനെസ് സിപോവിച്ച്, മാർക്കോ ലെസ്കോവിച്ച്, ചെഞ്ചോ ഗ്യെൽറ്റ്ഷെൻ എന്നീ വിദേശ താരങ്ങൾക്കൊപ്പം മലയാളി താരം സഹൽ അബ്ദുൽ സമദ് അടക്കമുള്ള താരങ്ങൾ പരിശീലനം നടത്തുന്നതിൻ്റെ ചിത്രങ്ങൾ ക്ലബ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. ഈ മാസം 30ന് ബെംഗളൂരു എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം.