Wed. Jan 22nd, 2025
കോഴിക്കോട്:

വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ മുതലാണ് പെൺകുട്ടികളെ കാണാതായത് എന്നാണ് വിവരം. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ചിൽഡ്രൻസ് ഹോമിൽ ആഘോഷ പരിപാടികൾ നടന്നിരുന്നു. ഇതിനു ശേഷമാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം. ആറ് പേരും കൂടി കെട്ടിടത്തിൽ നിന്ന് ഏണി ഉപയോഗിച്ച് ഇറങ്ങിപ്പോയതായാണ്‌ പ്രാഥമിക നിഗമനം.

കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേരും പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്‍കി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷൻ നിർദേശിച്ചു.