Fri. Nov 22nd, 2024
കോഴിക്കോട്:

ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയതിനു പിന്നാലെ അറ്റകുറ്റപ്പണി നടത്താൻ ജലഅതോറിറ്റിയും ദേശീയപാത ജീവനക്കാരും തമ്മിൽ വടംവലി; ഇതിനിടെ ഒഴുകിപ്പോയത് രണ്ടര ലക്ഷത്തോളം ലീറ്റർ വെള്ളം. 26 മണിക്കൂറിനു ശേഷം ദേശീയപാതാ വിഭാഗം സ്വന്തം ചെലവിൽ നന്നാക്കിയെങ്കിലും വീണ്ടും പൊട്ടി. ഒടുവിൽ ജലഅതോറിറ്റി തൽക്കാലത്തേക്കു പൈപ്പ് അടച്ചു.

വേങ്ങേരി – മലാപ്പറമ്പ് ബൈപാസിൽ ഗിരിനഗർ കോളനിക്ക് സമീപം ഫ്‌ളോറിക്കാൻ ഹിൽ റോഡ് ഭാഗത്തേക്കു വെള്ളം എത്തിക്കുന്ന പൈപ്പാണ് ശനിയാഴ്ച രാവിലെ ബൈപാസ്‌ ആറുവരി നിർമാണത്തിന്റെ പ്രവൃത്തിക്കിടെ പൊട്ടിയത്. ജപ്പാൻ കുടിവെള്ളത്തിന്റെ പ്രധാന പൈപ്പിൽ നിന്നുള്ള ശാഖാപൈപ്പായതിനാൽ വെള്ളം ശക്തിയോടെ 600 മീറ്റർ അകലെയുള്ള മണ്ണത്താമ്പരമ്പു വയലിലേക്ക് ഒഴുകി. ജലഅതോറിറ്റി ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും ആരും വന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.

സബ് എൻജിനീയറുടെ ഫോണിൽ വിളിച്ചിട്ടും മറുപടി കിട്ടിയില്ലെന്നു നവ്യ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി ഹരീഷ് പറഞ്ഞു. ഒടുവിൽ തിരുവനന്തപുരത്തും ബന്ധപ്പെട്ടു. പിന്നീട്‌ മലാപ്പറമ്പിലെ ജലഅതോറിറ്റി ഓഫിസിൽ നേരിട്ടെത്തി വിവരം പറഞ്ഞു.

ഒരു ജീവനക്കാരൻ ശനിയാഴ്ച വൈകിട്ട് എത്തിയെങ്കിലും പൈപ്പ് പൂട്ടാനുള്ള വാൽവ് അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. പ്ലമർ എത്തി ഇന്നലെ രാവിലെ 10.40നാണ് അടച്ചത്. അപ്പോഴേക്കും 26 മണിക്കൂർ പിന്നിട്ടു. മണ്ണത്താം പറമ്പ് വയലിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ടായി. 11 മണിയോടെ ദേശീയപാതാ വിഭാഗം ജീവനക്കാർ എത്തി പൈപ്പ് താൽക്കാലികമായി നന്നാക്കി.

അപ്പോഴേക്കും സമയം 12.40. ഉച്ചയ്ക്കു 2 മണിയോടെ ജല അതോറിറ്റി ജീവനക്കാർ വന്നു വാൽവ് തുറന്നെങ്കിലും വീണ്ടും പൊട്ടി. നാട്ടുകാർ ക്ഷുഭിതരായതോടെ ജലഅതോറിറ്റി സബ് ഡിവിഷനൽ ഉദ്യോഗസ്ഥ ഇ കെ ശാലിനി സ്ഥലത്തെത്തി. ഇന്നു രാവിലെ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള പ്രവർത്തനം തുടങ്ങുമെന്ന് അവർ അറിയിച്ചു. പ്രദേശത്തെ 187 കുടുംബങ്ങൾക്കു കുടിവെള്ളം മുടങ്ങിയിട്ടു 2 ദിവസമായി.