Fri. Apr 19th, 2024
പത്തനംതിട്ട:

2018 -19 ലെ ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലന്‍സ്. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്‍റെ പേരിൽ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥർ തട്ടിച്ചെന്നാണ് കണ്ടെത്തൽ. വിജിലൻസ് പ്രതി ചേർത്ത നാലു ഉദ്യോഗസ്ഥർക്കെതിരെ മൂന്നു മാസം പിന്നിട്ടിട്ടും ദേവസ്വം ബോർഡ് ഒരു നടപടിയും എടുത്തില്ല.

കൊല്ലത്തുള്ള ജെപി ട്രേഡേഴ്സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകാൻ കരാറെടുത്തത്. തീർത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോ‍ർഡിന് നൽകി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നൽകി.

ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിനെ കൂട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 30ലക്ഷം ചെലവാക്കിയ അന്നദാനത്തിൻെറ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി.

ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിൻെറ മറവിൽ അഴിമതിപ്പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി. ബാങ്കു വഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിൻെറ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു