Sat. Nov 23rd, 2024
തൃശൂർ:

ഒരു കാലത്ത് വസൂരി കൊണ്ടു പേടിച്ചു. വസൂരിപ്പേടി പഴം കഥയായപ്പോഴും നാട്ടുകാർക്ക് ഉറക്കമില്ല. ഇപ്പോൾ പേടിപ്പിക്കാൻ പാമ്പുകൾ ഉണ്ടല്ലോ!! പറവട്ടാനിയിൽ പുളിക്കൻ മാർക്കറ്റ് സ്റ്റോപ്പിനു സമീപം കോർപറേഷന്റെ സ്റ്റേഡിയം നിർമാണം നടക്കുന്നതിനു സമീപമുള്ള വീട്ടുകാരാണു പാമ്പുകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്.

കോർപറേഷൻ പരിധിയിൽ കാന നവീകരണം നടക്കുന്നയിടങ്ങളിൽ നിന്നുള്ള കല്ലുകളും മണ്ണും ഇവിടെ സ്റ്റേഡിയം നിർമാണം നടക്കുന്നതിനു മുൻപിലുള്ള കോർപറേഷൻ വക സ്ഥലത്താണ് കൊണ്ടുവന്നു കൂട്ടുന്നത്. ഇതിൽ പുല്ലുകൾ വളർന്നിട്ടുമുണ്ട്. നേരത്തേ വസൂരിപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇപ്പോൾ സ്റ്റേഡിയം വരുന്നത്.

വസൂരി പിടിപെട്ടവരെ താമസിപ്പിച്ചിരുന്ന ഇടമായിരുന്നു ഇത്. ഇടക്കാലത്ത് ഇവിടെ ടാർ മിക്സിങ് യൂണിറ്റ് പ്രവർത്തിപ്പിച്ചിരുന്നു. ഇതുണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച് സമീപവാസിയായ റിട്ട അധ്യാപിക തലക്കോട്ടൂർ വിനയ ജോസ്,കോർപറേഷൻ അധിക‍‍ൃതർക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് അമൃത് പദ്ധതിയുടെ പൈപ്പുകൾ കൊണ്ടുവന്ന് ശേഖരിച്ചിരുന്നത് ഇവിടെയായിരുന്നു. ഇതിനു ശേഷമാണ് കല്ലും മണ്ണും കൊണ്ടിടാനുള്ള ഇടമാക്കി മാറ്റിയത്. ഓരോ തവണ പാമ്പുകളെ കാണുമ്പോഴും വനം വകുപ്പ് നിർദേശിച്ച ആളെ വിളിക്കുകയാണു വീട്ടുകാർ ചെയ്യുന്നത്. ഭീതിയോടെയാണ് ഇവിടെ കഴിയുന്നതെന്നു ചൂണ്ടിക്കാട്ടി വിനയ വീണ്ടും പരാതി നൽകിയിരിക്കുകയാണ്.