ചിറ്റൂർ:
പാരിസ്ഥിതിക അനുമതിയില്ലാതെ ചിറ്റൂർ, പാലക്കാട് താലൂക്കുകളിലായി പ്രവർത്തിക്കുന്നത് നിരവധി ഇഷ്ടികക്കളങ്ങൾ. കൃഷി ഭൂമിയിൽ നിന്നുൾപ്പെടെ മണ്ണെടുത്താണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നത്. ചിറ്റൂർപ്പുഴയുടെ തീരത്തു തന്നെ അഞ്ചിലേറെ കളങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്.
പത്രവാർത്തകളെത്തുടർന്ന് റവന്യൂ അധികൃതർ പേരിനൊരു സ്റ്റോപ്പ് മെമ്മോ നൽകുമെങ്കിലും തുടർനടപടികൾ ഉണ്ടാവാറില്ല. ചിറ്റൂർ പുഴയിലെ ജലമൂറ്റിയാണ് ഇഷ്ടികക്കളങ്ങളുടെയെല്ലാം പ്രവർത്തനം. നാട്ടുകാരുടെ പരാതിയെത്തിയാലും രാഷ്ട്രീയ സ്വാധീനങ്ങളുടെ പേരിൽ തുടർനടപടികളുണ്ടാവാറില്ല.
കടുത്ത ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിൽ പൊതു ജലാശയങ്ങളിൽ നിന്നും പുഴയിൽ നിന്നുമെല്ലാം വെള്ളമെടുത്ത് ഇഷ്ടിക നിർമാണം തകൃതിയായി നടക്കുമ്പോഴും റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമാണ് നടക്കുന്നത്. പെരുവെമ്പ് പഞ്ചായത്തിലെ വടകരപ്പള്ളിയ്ക്ക് സമീപമുള്ള അനധികൃത ഇഷ്ടികച്ചൂള പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നാല് ഏക്കറിലധികം സ്ഥലത്താണ് നിർമാണം.
വയൽ നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന തഹസിൽദാരുടെ ഉത്തരവും പാലിക്കപ്പെട്ടില്ല. മെമ്മോ നൽകിയാൽ പിന്നീട് പ്രവൃത്തി നടത്തുകയോ കല്ലുകൾ നീക്കം ചെയ്യുകയോ ചെയ്യരുതെന്നാണ് നിയമം. 15 ദിവസത്തിനകം വീണ്ടും സ്ഥലം സന്ദർശിച്ച് തൽസ്ഥിതി തുടരുന്നുവെന്ന് ഉറപ്പ് വരുത്തണം.
അല്ലെങ്കിൽ വിശദറിപ്പോർട്ട് താലൂക്ക് അധികൃതർക്കും പൊലീസിനും തുടർ നടപടികൾക്കായി നൽകണം. ഇതു മറികടന്ന് സ്റ്റോപ്പ് മെമ്മോ നൽകി വർഷങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും വില്ലേജ് ഓഫിസർ കൈക്കൊണ്ടില്ല. ചിറ്റൂർ പുഴയുടെ തീരത്ത് അനുമതിയില്ലാത്ത ഇഷ്ടിക നിർമാണത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും പെരുവെമ്പ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നോ റവന്യൂ വകുപ്പിൽ നിന്നോ നടപടി ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ നിരവധി തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ ഇഷ്ടിക നിർമാണം തകൃതിയായി നടക്കുന്നത്.