Fri. Nov 22nd, 2024
അടിമാലി:

ദേശീയപാത 85ൽ ആനവിരട്ടിക്കു സമീപം കൊടുംവളവിൽ പാതയുടെ വീതി കുറവ്‌ മരണക്കെണിയാകുന്നു. ഈ ഭാഗത്തുകൂടി പ്രയാസപ്പെട്ടാണ് വാഹനങ്ങൾ പോകുന്നത്. നാളുകൾക്കുമുമ്പ്‌ മണ്ണ് നീക്കംചെയ്തിരുന്നെങ്കിലും പിന്നീട് തുടർജോലികൾ നടന്നില്ല.

മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശത്ത് സംരക്ഷണഭിത്തി നിർമിച്ച്‌ ബലപ്പെടുത്തിയാലേ ഭാരവാഹനങ്ങൾക്ക്‌ കടന്നുപോകാനാവൂ. വാഹനത്തിരക്ക്‌ ഏറുന്നതോടെ വീതി കുറവുള്ള ഭാഗത്ത് പലപ്പോഴും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്‌. വഴി പരിചയമില്ലാതെ എത്തുന്ന വാഹനങ്ങൾ വളവുതിരിയാതെ കുടുങ്ങിക്കിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. ദേശീയപാത അധികൃതർ സംരക്ഷണഭിത്തി നിർമിച്ച് റോഡ് ബലപ്പെടുത്തുകയും കൊടുംവളവിൽ വീതി വർധിപ്പിക്കുകയും ചെയ്താൽ ഗതാഗതം കൂടുതൽ സുഗമമാകും.