Mon. Nov 18th, 2024
മോസ്‌കോ:

ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്രിപ്‌റ്റോ നിരോധനം നിര്‍ദേശിച്ചിരിക്കുന്നത്.

ക്രിപ്റ്റോകറന്‍സികളുടെ വ്യാപനം റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും റഷ്യന്‍ കറന്‍സിയായ റൂബിളിനും വലിയ വെല്ലുവിളികളുണ്ടാക്കിയിട്ടുണ്ട്. നിരോധനം നടപ്പാക്കിയാല്‍ ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ചൈനക്കും ഖസാക്കിസ്ഥാനും പിന്നാലെ ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്ന രാജ്യമായി റഷ്യ മാറുകയാണ്.

നിരോധനത്തിലൂടെ റഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക ഇടനിലക്കാരും ക്രിപ്റ്റോ വ്യാപാരം നിര്‍ത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. എന്നാല്‍ റഷ്യന്‍ പൗരന്മാര്‍ ക്രിപ്റ്റോകറന്‍സികള്‍ കൈവശം വെക്കുന്നത് നിരോധിക്കാന്‍ തീരുമാനമില്ലെന്ന്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ എലിസവേറ്റ ഡാനിലോവ വ്യക്തമാക്കി.