കൊൽക്കത്ത:
ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഫുട്‌ബോൾ ടീമംഗമായിരുന്നു.
ബൂട്ടഴിച്ച ശേഷം കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചു. 2003ൽ ഈസ്റ്റ് ബംഗാളിന് ആസിയാൻ കപ്പ് നേടിക്കൊടുത്തു. തുടർച്ചയായ കിരീട നേട്ടങ്ങൾ മൂലം കൊൽക്കത്തയുടെ ജോസ് മൊറീഞ്ഞോ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചർച്ചിൽ ബ്രദേഴ്‌സിന്റെ ടെക്‌നിക്കൽ ഡയറക്ടറുമായിരുന്നു.
1970ന് പുറമേ, 1974ലെ ഏഷ്യൻ ഗെയിംസിലും ഭൗമിക് കളിച്ചിട്ടുണ്ട്. 1971ലെ മെദേർക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക് നേടിയിട്ടുണ്ട്. ഇന്ത്യൻ ജഴ്‌സിയിൽ 69 കളികളിൽ നിന്ന് അമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2005ൽ ജയിലിൽ കിടന്നിട്ടുണ്ട്.