Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്.

ഇതെല്ലാം ദിലീപിന്‍റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.