Sat. May 11th, 2024
വിശാഖപട്ടണം:

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. “ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ് ഐ‌എൻ‌എസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചു. മിസൈൽ ലക്ഷ്യക്കപ്പലിൽ കൃത്യമായി പതിച്ചു” ഡിആർഡിഒ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈൽ. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും. നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്.

നേരത്തെ ജനുവരി 11ന് ഐഎൻഎസ് വിശാഖപട്ടണം യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ രാജ്യം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ പ്രധാന ആയുധ സംവിധാനമാണ് ബ്രഹ്മോസ്.