Mon. Dec 23rd, 2024
കൊല്ലം:

കെ റെയിലിന് കൊല്ലത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം. മൂന്നു വില്ലേജുകളിലായി 87 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

തൃക്കോവിൽവട്ടം, വടക്കേവിള, തഴുത്തല വില്ലേജുകളിൽ ഉൾപ്പെടുന്ന പെരുങ്കുളം ഏലാ പാടശേഖരം. ഒരുകാലത്തെ ഇവിടുത്തെ നെല്ലറയായിരുന്നു. ഇവിടുത്തെ ഏക്കർ കണക്കിന് സ്ഥലത്താണ് കെ റെയിലിന്റെ കൊല്ലത്തെ സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പാടം നികത്തിയതിന് സ്വകാര്യവ്യക്തിയിൽ നിന്ന് രണ്ടുകോടി രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടതും ഈ മേഖലയിലാണ്.

2021 ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം ഏറ്റെടുക്കുന്ന വസ്തുവിന്റെ സർവേ നമ്പർ പരിശോധിക്കുമ്പോൾ മിക്ക സ്ഥലങ്ങളും വെളളക്കെട്ടുളളതാണ്. ജില്ലയിലെ പ്രധാന ജലസ്രോതസായ പെരുങ്കുളം ഏലായും ഇതുവഴിയുളള തോടും ഇതിൽ ഉൾപ്പെടുന്നു. വെളളക്കെട്ടുളള പ്രദേശങ്ങൾ നികത്തിയെടുക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു.

കെ റെയിൽ ഹരിത പദ്ധതിയല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് കൊല്ലത്തെ ഈ സ്ഥലമെന്ന് സമരസമിതിയംഗം പ്രശാന്ത് പറഞ്ഞു. ഇത്രയും വലിയ തണ്ണീർ തടം നികത്തുമ്പോൾ അതെങ്ങനെ ഹരിത പദ്ധതിയാകുമെന്നും സമരസമിതിക്കാർ ചോദിക്കുന്നു. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക തുടരുകയാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പറുകൾ പുറത്തുവന്നെങ്കിലും സർവേ നമ്പറിനൊപ്പം സബ് ഡിവിഷൻ നമ്പർ ഉൾപ്പെടുത്താത്തതിനാൽ ഭൂമി ഏറ്റെടുക്കുമോ എന്ന ആശങ്കയിലാണ് സ്ഥലം ഉടമകൾ.