Mon. Dec 23rd, 2024

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകള്‍ രണ്ട് വേദികളിലായി ചുരുക്കിയേക്കും. നേരത്തെ മൂന്ന് ഏകദിനത്തിനും മൂന്ന് ടി20ക്കുമായി ആറു വേദികളാണ് നിശ്ചയിച്ചിരുന്നത്. അതേസമയം മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് കളിക്കാനുള്ളത്. ഇതില്‍ ആദ്യ ഏകദിനം ബുധനാഴ്ച അവസാനിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയതിന് ശേഷം ഇന്ത്യയില്‍വെച്ചാണ് പരമ്പര. ബിസിസിഐ ടൂർസ് ആൻഡ് ഫിക്‌ചർ കമ്മിറ്റി കഴിഞ്ഞ ബുധനാഴ്ച ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അഹമ്മദാബാദും കൊല്‍ക്കത്തയും വേദിയാക്കാനാണ് ബിസിസിഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്‌ചേഴ്‌സ് കമ്മറ്റിയുടെ ശുപാര്‍ശ. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവയായിരുന്നു വേദികള്‍. എന്നാല്‍ രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ഇപ്പോള്‍ രണ്ട് വേദികളിലേക്ക് പരമ്പര ചുരുക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ 20 വരെയാണ് പരമ്പര. രണ്ട് വേദികളിലായി പരമ്പര ചുരുക്കുമ്പോള്‍ കളിക്കാര്‍ക്ക് അധികം യാത്ര ചെയ്യേണ്ടി വരില്ല. അതേസമയം അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവ വേദികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.