Wed. Nov 6th, 2024

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. ഈ സീസണു ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായതിനു പിന്നാലെയാണ് താരം കളി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. 35കാരിയായ താരം മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരമാണ്.

‘ചില കാര്യങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാൽ മൂന്ന് വയസ്സുകാരനായ എൻ്റെ മകനെ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാൽമുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊർജം ഇപ്പോൾ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.’- സാനിയ പറഞ്ഞു.

നിലവിൽ ലോക റാങ്കിംഗിൽ 68ആമതുള്ള സാനിയയുടെ കരിയർ ബെസ്റ്റ് സിംഗിൾസ് റാങ്കിംഗ് 27 ആണ്. ഗ്രാൻഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ. ആറ് ഗ്രാൻഡ് സ്ലാമുകൾ താരം നേറ്റിയിട്ടുണ്ട്. ഏഷ്യൻ ഗെയിംഗ്, കോമൺവെൽത്ത് മെഡലുകളും വിജയിച്ച സാനിയ 2016ലാണ് അവസാനമായി ഗ്രാൻഡ് സ്ലാം വിജയിക്കുന്നത്.

മാർട്ടിന ഹിംഗിസുമായിച്ചേർന്ന് ഓസ്ട്രേലിയൻ ഓപ്പൺ ആണ് സാനിയ സ്വന്തമാക്കിയത്. പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ൽ ഗർഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ൽ തിരികെവന്നു. 2021ലാണ് സാനിയ തൻ്റെ അവസാന കിരീടം നേടുന്നത്. ഒസ്ട്രാവ ഓപ്പൺ ഡബിൾസിൽ ഷുയ് ഷാങുമായിച്ചേർന്ന് തൻ്റെ 43ആം ഡബിൾസ് കിരീടമാണ് സാനിയ നേടിയത്.