Mon. Dec 23rd, 2024
പട്ടാമ്പി:

പട്ടാമ്പി സംസ്കൃത കോളേജിൽ ഡിജെ പാർട്ടി നടന്ന സംഭവത്തിൽ അധ്യാപകർക്കെതിരെയും കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത 300 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെയാണ് ഡിജെ പാർട്ടി നടന്നത്. പാലക്കാട് ജില്ലയിലെ മാത്രം കൊവിഡ് ടി പി ആർ 33.8% ആണ് ഇന്നലത്തെ കണക്കുകൾ. ആരോഗ്യവകുപ്പിന്റെ കർശന നിർദേശം നിലനിൽക്കെയാണ് പട്ടാമ്പി ശ്രീ ശങ്കര കോളജിലെ അവസാന വർഷ വിദ്യാർത്ഥികൾ ഡിജെ പാർട്ടി സംഘടിപ്പിച്ചത്.

കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. യാതൊരു സുരക്ഷ മുൻകരുതലോ കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയായിരുന്നു ഡിജെ പാർട്ടി. പ്രിൻസിപ്പലിന്റെ അറിവോടു കൂടിയാണ് ഡി ജെ പാർട്ടി നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാൽ ഡി ജെ പാർട്ടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പട്ടാമ്പി ഗവ സംസ്‌കൃത കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചു. മ്യൂസിക്കൽ പരിപാടിക്കാണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 100 പേർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകിയുള്ളുവെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ ഏകദേശം 500 ലധികം വരുന്ന വിദ്യാർത്ഥികൾ ഡിജെ പാർട്ടിയിൽ പങ്കെടുത്തു.