തിരൂർ:
മീൻ ലോറികളിൽനിന്നുള്ള മലിനജലം പുഴകളിൽ തള്ളുന്നത് പതിവാകുന്നു. പൊന്നാനി, തിരൂർ, താനൂർ എന്നിവിടങ്ങളിൽനിന്ന് മീനുമായി മംഗളൂരു ഭാഗത്തേക്ക് മീനുമായി പോകുന്ന ലോറികളാണ് ഐസ് ഉരുകി വരുന്ന മലിനജലം പുഴകളിൽ തള്ളുന്നത്. മുൻപ് ഇത്തരം ലോറികൾ ചെറിയ പൈപ്പുകളിലൂടെ വെള്ളം പുറത്തു വിടുകയായിരുന്നു ചെയ്തിരുന്നത്.
ഐസ് അലിഞ്ഞുണ്ടാകുന്ന വെള്ളം അകത്തുള്ള മീനിന് കേടുണ്ടാക്കുമെന്നതിനാലാണ് ഇത് ഒഴിവാക്കാൻ ശ്രമിക്കുന്നത്. എന്നാൽ പലയിടത്തും നാട്ടുകാർ പ്രശ്നമുണ്ടാക്കി തുടങ്ങിയതോടെ ഈ രീതി അവസാനിപ്പിച്ചു. 2 മാസം മുൻപ് തിരൂർ ടൗണിനോട് ചേർന്ന് ഇത്തരത്തിൽ റോഡിൽ വെള്ളം ഒഴുക്കി വിട്ട സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടപടി എടുക്കുകയും ചെയ്തിരുന്നു.
ഇതോടെ ആളൊഴിഞ്ഞ തക്കം നോക്കി പുഴയിലാണ് ഇവർ മലിനജലം തള്ളുന്നത്. പാലങ്ങളിൽ വണ്ടി നിർത്തിയാണിതു ചെയ്യുന്നത്. ഇവിടെ മഴവെള്ളം ഒഴിഞ്ഞു പോകാനുള്ള ചെറിയ ദ്വാരം കണ്ടെത്തി അതുവഴി ലോറിയിൽനിന്ന് പൈപ്പ് ഇറക്കിയാണിത് ചെയ്യുന്നത്.
ചമ്രവട്ടം, പൂരപ്പുഴ, കടലുണ്ടി, ഫറോക്ക് എന്നിവിടങ്ങളിലെ പാലങ്ങളിൽ കാഴ്ച കാണാനെന്ന വ്യാജേന വണ്ടി നിർത്തിയാണ് മലിനജലം പുഴയിൽ തള്ളുന്നത്.
പൊന്നാനി അടക്കമുള്ള സ്ഥലങ്ങളിൽനിന്നുള്ള മത്സ്യങ്ങൾ വിദേശത്തേക്ക് കയറ്റി അയയ്ക്കാനുള്ളതിനാൽ കേടു വരാതിരിക്കാതിരിക്കാൻ വെള്ളം ഒഴിവാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണു ലോറിയിലെ ഡ്രൈവർമാർ പറയുന്നത്. പലപ്പോഴും വഴിയിൽ ഇത്തരം മത്സ്യങ്ങൾ കേടാവാതിരിക്കാൻ രാസവസ്തുക്കളും ചേർക്കുന്നുണ്ട്. ഇതടങ്ങുന്ന മലിനജലം പുഴയിൽ തള്ളുന്നതുമൂലം വലിയ ദുരന്തത്തിനു കാരണമായേക്കും.