കോഴിക്കോട്:
കാലിക്കറ്റ് സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ സിൻഡിക്കേറ്റിനും ഭരണകക്ഷിക്കും വേണ്ടപ്പെട്ടവരെ നിയമിക്കാൻ വ്യവസ്ഥകളിലും ചട്ടങ്ങളിലും മാറ്റംവരുത്തിയതായി പരാതി.
വിജ്ഞാപനത്തിന് മുമ്പ് ഇന്റർവ്യൂ മാനദണ്ഡം നിശ്ചയിക്കണമെന്ന കോടതിവിധികളും യു ജി സി 2018ൽ പുറത്തിറക്കിയ വ്യവസ്ഥകളും അവഗണിച്ചാണ് ഈ നീക്കം. സ്വന്തക്കാർക്ക് നിയമനം ലഭിക്കാൻ പാകത്തിന് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ച് നടത്തുന്ന ഇന്റർവ്യൂ അടിയന്തരമായി നിർത്താൻ നിർദേശം നൽകണമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ പി റഷീദ് അഹമ്മദ് ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
2019 ഡിസംബർ 31നാണ് കാലിക്കറ്റിൽ അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നൽകാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 15 ആയിരുന്നു. പിന്നീട് അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം വേണ്ടപ്പെട്ടവരുടെ നിയമനത്തിനായി യു ജി സിയെ മറികടന്ന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളാണുയരുന്നത്.
പത്ത് ബുക്കുകളുടെ പബ്ലിക്കേഷനുള്ള ഉദ്യോഗാർഥിക്കും ഒരു പബ്ലിക്കേഷനുള്ളവർക്കും ഒരേ മാർക്ക് നേടുന്ന തരത്തിലാണ് വ്യവസ്ഥകളിലെ പ്രധാന മാറ്റം.