കൽപ്പറ്റ:
വനാന്തരങ്ങളിലും വിദൂര ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവർക്ക് അക്ഷരവെളിച്ചം പകർന്നവരുടെ ജീവിതം സുരക്ഷിതമാക്കിയ സർക്കാർ തീരുമാനത്തിൽ ജില്ലയിലെ അധ്യാപകർ ആഹ്ലാദത്തിൽ. സംസ്ഥാനത്തെ 270 ബദൽ വിദ്യാലയങ്ങളിൽ അധ്യാപകരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിയാണ് ജില്ലയിലെ 39 ഓളം ബദൽ സ്കൂൾ അധ്യാപകരുടെ ജീവിതത്തിൽ വെളിച്ചമേകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പിടിസിഎം, എഫ്ടിഎം തസ്തികകളിലേക്കാണ് പുനർനിയമനം.
ജില്ലയിലെ 36 ഏകാധ്യാപക വിദ്യാലയങ്ങളിലെ 39 അധ്യാപകർക്ക് തീരുമാനം തുണയാകും. 1997ൽ ഇ കെ നായനാർ മന്ത്രിസഭയാണ് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ബദൽ വിദ്യാലയങ്ങൾ തുടങ്ങിയത്. വിദ്യാഭ്യാസ, വാഹനസൗകര്യമില്ലാത്ത ഉൾഗ്രാമങ്ങളിലും വനത്തിനുള്ളിലും ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായാണ് ഇവ തുടങ്ങിയത്.
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായിരുന്നു പഠനം. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായിരുന്നു ആദ്യം പദ്ധതി തുടങ്ങിയത്. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തുടക്കത്തിൽ 750 രൂപയായിരുന്നു അധ്യാപകർക്ക് നൽകിയിരുന്ന അലവൻസ്.