Fri. Nov 22nd, 2024
കാസർകോട്:

മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറയുന്നതിനു വില്ലനായി കടലിലെ അജൈവ മാലിന്യങ്ങൾ. പുഴയിലും തോട്ടിലും തീരത്തുമായി തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണു വലയിൽ കുരുങ്ങുന്നതെന്നു മത്സ്യത്തൊഴിലാളികൾ. പലപ്പോഴും വലയിൽ കിട്ടുന്നതിന്റെ പകുതിയിലധികം ഇത്തരം വസ്തുക്കളാണെന്നു തൊഴിലാളികൾ പറയുന്നു.

മത്സ്യ പ്രജനനത്തെ സാരമായി ബാധിക്കുന്ന നിലയിലാണ് അജൈവ മാലിന്യം ജലാശയത്തിലെത്തുന്നത്. കടലിൽ എറിയുന്ന വല നാലു ഭാഗത്തു നിന്നുമായി കരയിലേക്കു വലിച്ചു കയറ്റി നോക്കുമ്പോഴാണു തൊഴിലാളികൾ അന്തം വിടുന്നത്. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കുപ്പി, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവയാണു വലയിൽ. അതെല്ലാം വീണ്ടും കടലിലേക്കു തന്നെ തള്ളുന്നു.

മലയോരങ്ങളിൽ നിന്നു ജലാശയങ്ങളിലേക്കു തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വരെ പുഴകളും കായലുകളും വഴി കടലിൽ ചെന്നു ചേരുന്നു. ഇതിനു പുറമേ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം തള്ളിവിടുന്ന പ്ലാസ്റ്റിക്കും ഇവിടെ കുന്നു കൂടുന്നു. മീനുകൾ ഉൾപ്പെടെ കടൽ ജീവികളുടെ ആന്തരികാവയവങ്ങളിൽ വരെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്.

കാസർകോട് പള്ളത്ത് പുഴയിൽ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് 5 ടൺ പ്ലാസ്റ്റിക് മാലിന്യമാണു മാസങ്ങൾക്കു മുൻപു സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നഗരസഭ നീക്കം ചെയ്തത്. ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം നടക്കാത്തതാണു പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ച് അജൈവ മാലിന്യങ്ങൾ ഇങ്ങനെ കുന്നുകൂടാൻ ഇടയാക്കുന്നത്.