Wed. Jan 22nd, 2025
കൊൽക്കത്ത:

ജനുവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, റിപ്പബ്ളിക് ദിനാഘോഷ വേളയിൽ ബം​ഗാളിന്റെ ടാബ്ലോ നിരസിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രമേയമാക്കിയാണ് ടാബ്ലോ ഒരുക്കിയിരിക്കുന്നത്. ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികം കൂടിയാണ്.

അതേ സമയം മാർ​ഗനിർദ്ദേശങ്ങൾ പാലിച്ചാണ് തീരുമാനമെടുക്കുന്നതെന്നും കല, വാസ്തുവിദ്യ, ഡിസൈൻ, സംസ്കാരം, സംഗീതം എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പശ്ചിമ ബംഗാളിന് നേർക്ക് പക്ഷപാതം കാണിച്ചുവെന്ന ആരോപണത്തെ ഉദ്യോഗസ്ഥൻ നിഷേധിച്ചു. 2016-ൽ, ബൗൾ ഗായകരെക്കുറിച്ചുള്ള പശ്ചിമ ബംഗാളിന്റെ ടാബ്ലോ മികച്ച ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഭവത്തിൽ മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചു.

നേതാജിയെയും അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമിയെയും അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നതിനാണ് നിർദിഷ്ട ടാബ്ലോയും, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ചിത്തരഞ്ജൻ ദാസ്, ശ്രീ അരബിന്ദോ, മാതംഗിനി ഹസ്ര, ബിർസ മുണ്ട, നസ്റുൾ ഇസ്ലാം എന്നിവരുടെ ഛായാചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് ടാബ്ലോ തയ്യാറാക്കിയതെന്ന് മമത ബാനർജിയുടെ കത്തിൽ പറയുന്നു. “ഒരു കാരണവും ന്യായീകരണവും നൽകാതെ ടാബ്‌ലോ നിരസിച്ചത് ഞങ്ങളെ കൂടുതൽ അമ്പരപ്പിക്കുന്നു,” മമത ബാനർജി പറഞ്ഞു, ഈ തീരുമാനം ഞെട്ടിക്കുകയും അഗാധമായി വേദനിപ്പിക്കുകയും ചെയ്തുവെന്ന്. തൃണമൂൽ കോൺഗ്രസ് എംപിമാരായ സുഖേന്ദു ശേഖർ റോയിയും സൗഗത റോയിയും പ്രതികരിച്ചു.

‘ചില ചരിത്രസംഭവങ്ങൾ, സംസ്‌കാരം, പൈതൃകം, വികസന പരിപാടികൾ എന്നിവ പ്രതിനിധീകരിക്കണമെന്നും എന്നാൽ ലോഗോകൾ ഉൾപ്പടുത്തരുതെന്നും ആനിമേഷനും ശബ്ദവും പാടില്ലെന്നും ഏതെങ്കിലും ആശയം ആവർത്തിക്കരുതെന്നും ടാബ്‌ലോയ്‌ക്ക് നിയമങ്ങളുണ്ട്. ആശയങ്ങൾ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് നോക്കുന്നത്. ഇതിൽ പക്ഷപാതിത്വത്തിന്റെ പ്രശ്‌നമില്ല, കാരണം സമയമനുസരിച്ച് ഓരോ വർഷവും ഒരു നിശ്ചിത എണ്ണം ടാബ്ലോസ് മാത്രമേ അം​ഗീകരിക്കാൻ സാധിക്കൂ. പല സർക്കാർ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും നിർദേശങ്ങളും നിരസിക്കപ്പെട്ടിട്ടുണ്ട്.’ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

2012, 2013, 2014, 2016, 2017, 2019 വർഷങ്ങളിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ടാബ്‌ലോ പരേഡിന് യോഗ്യത നേടിയിട്ടുണ്ടെന്നും 2016ൽ ഭക്തിയും സൂഫിയും അടിസ്ഥാനമാക്കിയുള്ള ഗാനങ്ങൾ ആലപിച്ച പ്രശസ്ത ബാവുൾ നാടോടി ഗായകരെക്കുറിച്ചുള്ള ടാബ്ലോ മികച്ച ടാബ്‌ലോയായി തിരഞ്ഞെടുക്കപ്പെട്ടതായും കമ്മിറ്റിയിലെ മുൻ അംഗം പറഞ്ഞു.