കോട്ടയം:
വനിതാ ഹോസ്റ്റൽ പരിസരത്തും വഴിയരികിലും അശ്ലീല പ്രദർശനം നടത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ചായക്കൂട്ടുകളും ബ്രഷും ആയുധമാക്കി മെഡിക്കൽ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനികളാണ് ‘സ്ത്രീ ശാക്തീകരണം’ വിഷയമാക്കി വനിതാ ഹോസ്റ്റൽ ചുമരിൽ പ്രതിഷേധ ചിത്രങ്ങൾ വരയ്ക്കുന്നത്. മെഡിക്കൽ കോളേജ് എസ്എഫ്ഐ വനിതാ വിഭാഗമായ ‘മാതൃക’യിലെ വിദ്യാർത്ഥിനികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
ആനുകാലിക സംഭവങ്ങളും ചിത്രങ്ങളിൽ വിഷയമായെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ‘ചിറക് വിരിക്കുന്ന കൗമാരം’, ‘ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീത്വം’, ‘വിവിധ തൊഴിലുകൾ ചെയ്യുന്ന സ്ത്രീകൾ’, ‘നീതി നിഷേധത്തിനെതിരെ ഐക്യദാർഢ്യം’, ‘ഫെമിനിസം’ തുടങ്ങിയ വിഷയങ്ങൾ അടങ്ങിയതാണ് ചിത്രങ്ങൾ.
‘മാതൃക’ കോഓർഡിനേറ്റർമാരായ എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനി ആർഷ അന്ന പത്രോസ്, രണ്ടാം വർഷം വിദ്യാർത്ഥിനികളായ മഞ്ജിമ തെരേസ, ആർ രചന, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജഗത്ദേവ്, പ്രസിഡന്റ് ഹാരിസ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലേറെ വിദ്യാർത്ഥികളാണ് ചിത്രം വരയ്ക്കുന്നത്.മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്കുള്ള റോഡിൽ ബാബു ചാഴികാടൻ റോഡിന്റെ സമീപമാണ് വനിതാ ഹോസ്റ്റൽ.
കോളേജിലെ ക്ലാസും പരിശീലനവും കഴിഞ്ഞ് മിക്കപ്പോഴും രാത്രിയിൽ ഒറ്റയ്ക്കും കൂട്ടമായും ഇതുവഴി പോകേണ്ടി വരുന്നുണ്ട്. ഈ സമയം റോഡരികിലും ഹോസ്റ്റലിന്റെ പരിസരങ്ങളിലും സാമൂഹിക വിരുദ്ധർ അശ്ലീല പ്രദർശനം നടത്താറുണ്ടെന്നു വിദ്യാർത്ഥികൾ പറയുന്നു. പലതവണ മെഡിക്കൽ കോളേജ് അധികൃതർക്കും പൊലീസിനും പരാതി നൽകി.
സംക്രാന്തി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിവിളക്ക് ഇല്ലാത്തതും സിസി ടിവി ക്യാമറകൾ ഇല്ലാത്തതുമാണ് സാമൂഹിക വിരുദ്ധർക്ക് തണലാകുന്നതെന്നും ഇവർ പറയുന്നു.