Wed. Jan 22nd, 2025
കൊച്ചി:

കരാര്‍ ഒപ്പിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യത്തിലെത്തിച്ചേരാനാകാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും കാത്തിരിക്കണം. കേരളത്തിലെ ഐ ടി പ്രൊഫഷണലുകള്‍ക്ക് ഒട്ടനവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത പദ്ധതിക്ക് പ്രതീക്ഷിച്ചപോലെ വന്‍കിട ആഗോള ബ്രാന്‍ഡുകളെ ആകര്‍ഷിക്കാനുമായില്ല.

നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടങ്ങളില്‍ എത്ര നിക്ഷേപം വരും എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി പദ്ധതികള്‍. 2011ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 10 വര്‍ഷം കൊണ്ട് മിനിമം 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളും 90,000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്മാര്‍ട്‌സിറ്റി സ്വയം നിര്‍മിച്ച ആദ്യ കെട്ടിടം പൂര്‍ണമായി വിവിധ കമ്പനികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിലവിലുള്ള കമ്പനികളിലെല്ലാം കൂടി അയ്യായിരത്തോളം പേര്‍ക്കുമാത്രമാണ് പ്രത്യക്ഷത്തില്‍ ജോലി ലഭിച്ചത്.

2014ലാണ് പദ്ധതി ഭൂമി പ്രത്യേക സാന്പത്തിക മേഖലയായി പ്രഖ്യാപിച്ചത്. 246 ഏക്കറില്‍ 29.5 ഏക്കര്‍ ഭൂമി നിക്ഷേപകരായ ദുബായ് ഹോള്‍ഡിങ്ങിന് സ്വതന്ത്ര ഉടമസ്ഥതയാണ് ഉളളത്. ബാക്കി 216 ഏക്കര്‍ 99 വര്‍ഷത്തെ പാട്ടം വ്യവസ്ഥയിലും. കടന്പ്രയാറിന്റെ തീരത്ത് കാടുപിടിച്ചു കിടന്ന 169 ഏക്കര്‍ ഭൂമി വിവിധ കന്പനികള്‍ക്കായി നല്‍കിയിട്ടുണ്ട്.

മിനിമം 62 ലക്ഷം ചതുരശ്രയടി നിര്‍മിത സ്ഥലം ഐടിക്ക് മാത്രമായി വേണമെന്ന കരാര്‍ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടുണ്ട്. പല കെട്ടിടങ്ങളുടെയും പണികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രളയവും കോവിഡ് പ്രതിസന്ധിയും നിര്‍മാണ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. ടൌണ്‍ഷിപ്പ് പദ്ധതി കൂടി യാഥാര്‍ഥ്യമായാല്‍ പദ്ധതി അല്‍പം വേഗത്തിലാവുമെന്നാണ് വിലയരുത്തല്‍.