തൃശൂർ:
കുറഞ്ഞചെലവിൽ വീടുകളിൽ പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പൈപ്പ്‌ലൈൻ ഇതാ പടിക്കലെത്തി. ഏപ്രിലോടെ ജില്ലയിൽ പ്രകൃതിവാതകം വിതരണം ആരംഭിക്കും. വിലക്കുറവിനൊപ്പം വായുവിനേക്കാൾ ഭാരക്കുറവുള്ളതിനാൽ സുരക്ഷിതമായ വാതകമാണിത്.
ജില്ലയിൽ ഒന്നാംഘട്ടമായി ചൊവ്വന്നൂർ മുതൽ ചാവക്കാട് വരെയും വടക്കാഞ്ചേരിറോഡിലും കടവല്ലൂർ മുതൽ കയ്‌പമംഗലം വരെയുമായി 28 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായി. രണ്ടാംഘട്ടമായി തൃശൂർ അശ്വിനിമുതൽ തലോർ ജങ്‌ഷൻവരെയുള്ള പ്രദേശത്തെ് പൈപ്പിടലിന് തുടക്കമായി. അങ്കമാലി മുതൽ പോട്ടവരെയും പൈപ്പിടൽ നടന്നുവരികയാണ്.
യന്ത്രവൽകൃതമായ് പൈപ്പിടുന്നതിനാൽ റോഡ് തകരാറ് കുറയും. ചൊവ്വന്നൂരിലും കുന്നംകുളം നഗരസഭയിലുമാണ് ആദ്യം പ്രകൃതി വാതകം എത്തുക. തുടർന്ന് ഗുരുവായൂർ, ചാവക്കാട് നഗരസഭയിലേക്കും തൃശൂർ കോർപറേഷനിലേക്കും എത്തിക്കും. മാളയിലെ മടത്തുംപടിമുതൽ ചാലിശേരിവരെ 31 വില്ലേജുകളിലൂടെയാണ് ജില്ലയിൽ ഗെയിൽ പൈപ്പ് ലൈൻ കടന്നുപോവുന്നത്. ഈ ലൈനിൽനിന്ന് പ്രത്യേക സ്‌റ്റേഷനിലേക്കും തുടർന്ന് വീടുകളിലേക്കും വാതകം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ നിർമാണമാണ് പുരോഗമിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ –- അദാനി ഗ്യാസ് പ്രൊജക്ട് ഹെഡ് ദീപുജോൺ പറഞ്ഞു.
ചൊവ്വന്നൂരിൽ സ്‌റ്റേഷൻ നിർമാണം പൂർത്തിയായാൽ ഉടൻ കണക്ഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പിഎൻജി ഗ്യാസ് റെഗുലേറ്ററി ബോർഡാണ് സിറ്റി ഗ്യാസ് പദ്ധതിക്ക് ടെൻഡർ വിളിച്ചത്. കേരളത്തിൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ സംയുക്ത സംരഭമായ ഇന്ത്യൻ ഓയിൽ–- അദാനി ഗ്യാസ് കമ്പനിക്കാണ് കേന്ദ്ര ലൈസൻസ് ലഭിച്ചത്.