Fri. Nov 22nd, 2024
കാഞ്ഞിരപ്പള്ളി:

ജലനിരപ്പ് താഴ്ന്നപ്പോൾ ചിറ്റാർ പുഴയുടെ തീരങ്ങളിലെ മരശിഖരങ്ങളിൽ നിറയെ മാലിന്യ തോരണം.‍ പ്ലാസ്റ്റിക് കൂടുകൾ ചാക്കുകൾ, തുണികൾ, തുടങ്ങിയവയാണ് പുഴയോരത്തെ മരങ്ങളിൽ തങ്ങിക്കിടക്കുന്നത്. ഒഴുക്കു മുറിഞ്ഞു നീരൊഴുക്കു നിലച്ചപ്പോൾ പുഴയുടെ അടിത്തട്ടിലും മാലിന്യങ്ങൾ അടിഞ്ഞുകിടക്കുകയാണ്.

പ്രളയത്തിൽ പലയിടങ്ങളിൽനിന്നു മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുകിയെത്തി. പുഴ കരകവിഞ്ഞ് ഉയർന്ന് ഒഴുകിയപ്പോൾ പ്ലാസ്റ്റിക് കൂടുകളും തുണികളും മറ്റും മരശിഖരങ്ങളിൽ തങ്ങിയത് ഇപ്പോഴും അതേപടി കിടക്കുന്നു. പുഴയിലൂടെ ഒഴുകി പോയതിനെക്കാൾ ഏറെ മാലിന്യങ്ങൾ പുഴയുടെ അടിയിൽ കിടക്കുന്നു.

തടയണകളിൽ‍ മാലിന്യങ്ങളും മരക്കമ്പുകളും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞു. വെള്ളത്തിന്റെ നിറം മാറി ദുർഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ടൗണിലെ മാലിന്യങ്ങൾ മുഴുവൻ വന്നെത്തുന്നതു പുഴയിലേക്കാണ്. പ്ലാസ്റ്റിക് കൂടുകളിലും ചാക്കിലുമായി കെട്ടി രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ തള്ളുന്നത്.

കൈത്തോടുകളിൽനിന്നും മറ്റും മാലിന്യങ്ങൾ വൻ തോതിലാണ് ചിറ്റാർ പുഴയിലേക്ക് ഒഴുക്കിയെത്തുന്നത്. മാലിന്യങ്ങൾ നിറഞ്ഞ ചിറ്റാറിൽ കുടിവെള്ള പദ്ധതികൾക്കടക്കം ജലം ഉപയോഗിക്കുന്നുണ്ട്. പുഴയിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിച്ചിട്ടും മാലിന്യം തള്ളുന്നത് തടയാൻ കഴിയുന്നില്ല.

മാലിന്യങ്ങൾ തള്ളുന്നത് തടയാൻ കുരിശുങ്കൽ ജംക്‌ഷനു സമീപം പേട്ടക്കവല, ആനക്കല്ല് ഗവ സ്കൂളിന് സമീപം എന്നിവിടങ്ങളിൽ പഞ്ചായത്ത് കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. മുൻപ് ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി പുഴയുടെ പല ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കി നവീകരിച്ചെങ്കിലും ഇപ്പോൾ പഴയപടിയായി. വ്യാപാര സ്ഥാപനങ്ങളിലെ പ്രോഫിറ്റബിൾ വേസ്റ്റ് വ്യാപാരികൾ തന്നെ നിർമാർജനം ചെയ്യണമെന്ന് പഞ്ചായത്തിന്റെ നിർദേശവും പാലിക്കപ്പെടുന്നില്ല.