Fri. Nov 22nd, 2024
ദില്ലി:

ബ്രെക്സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ തുടങ്ങി. ഇന്ത്യാക്കാർ വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. പകരം ബ്രിട്ടൻ ആവശ്യപ്പെട്ടത് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച് വിസ്കിക്ക് വില കുറയ്ക്കണമെന്നും.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദില്ലിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ബ്രിട്ടന്റെ വ്യാപാര വകുപ്പ് സെക്രട്ടറി ആനി മേരി ട്രെവലിയനും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

അതേസമയം കരാറിലൂടെ ഇന്ത്യയിൽ നിന്ന് തുകൽ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സംസ്‌കരിച്ച കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതാകും ഫലമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതിയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.