കൊച്ചി:
കൊച്ചിയുടെ കുടിവെള്ളക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട് ആലുവയിൽ പുതിയ സംസ്കരണ പ്ലാന്റ് വരുന്നു. ദിവസേന 143 ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ് 130 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുക. കൊച്ചി കോർപറേഷനിലും നാല് മുനിസിപ്പാലിറ്റികളിലും 13 പഞ്ചായത്തുകളിലും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ജല അതോറിറ്റി കൊച്ചി സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ ജോച്ചൻ ജോസഫ് പറഞ്ഞു.
മൂന്നു മാസത്തിനുള്ളിൽ ടെൻഡർ, കരാർ നടപടികൾ പൂർത്തിയാക്കി രണ്ട് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 50 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾ ആലുവയിൽ പുരോഗമിക്കുകയാണ്.
ആലുവ, കളമശേരി, തൃക്കാക്കര, ഏലൂർ മുനിസിപ്പാലിറ്റികളിലും എടത്തല, കീഴ്‌മാട്, ചൂർണിക്കര, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട്, കടമക്കുടി, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലുമാണ് തടസ്സമില്ലാതെ വെള്ളമെത്തുക