ഒറ്റപ്പാലം:
ഒറ്റപ്പാലം നഗരത്തിലെ നിർദിഷ്ട ബൈപാസിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി നാട്ടുകാർ. നൂറിലേറെ കുടുംബങ്ങളുടെ വീടും ഭൂമിയും നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ചാണിത്. പദ്ധതി ഉപേക്ഷിച്ച് ബദൽ മാർഗം തേടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി സൂചന സമരം തുടങ്ങി.
നഗരത്തിലെ വടക്കേപ്പാതയേയും പാലാട്ട് റോഡിനെയും സെർഗുപ്താ റോഡിനെയും ബന്ധിപ്പിച്ചു ബൈപാസ് നിർമിക്കാനാണ് പദ്ധതി. വടക്കേ പാതയെയും പാലാട്ട് റോഡിനെയും ബന്ധിപ്പിക്കാൻ കാക്കാതോടിനു കുറുകെ പാലം നിർമാണം കൂടി ഉൾപ്പെട്ട പദ്ധതിയാണ് പരിഗണനയിൽ. സ്ഥലം ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാകുന്നത്.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ മൂന്ന് റോഡുകളുടെയും വശങ്ങളിലെ 140 കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നാണു പരാതി. സൂചന സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കഫ്ബി അനുവദിച്ച 75 കോടി രൂപ വിനിയോഗിച്ചാണ് ബൈപാസ് നിർമാണം.