Sat. Nov 23rd, 2024
കൊല്ലങ്കോട്:

വേനൽച്ചൂട്‌ തുടങ്ങിയതോടെ കാട്ടുതീ തടയാൻ വനം വകുപ്പ്‌ ഫയർലെെൻ നിർമാണം തുടങ്ങി. വനത്തിനോട്‌ ചേർന്ന്‌ നാലു മീറ്റർ വീതിയിൽ കാടുംപടലും വെട്ടി വൃത്തിയാക്കുന്നതാണ്‌ ഫയർലെെൻ. നെല്ലിയാമ്പതി വനം റേഞ്ച്‌ തിരുവഴിയാട് സെക്‌ഷനിൽ തളിപ്പാടംമുതൽ അഞ്ചു കിലോമീറ്ററിലാണ്‌ പണി തുടങ്ങിയത്.

തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങളിലും സൗരോർജ വേലി നിർമിച്ച സ്ഥലങ്ങളിലുമാണ് ഫയർലെെൻ ഒരുക്കുന്നത്‌. യന്ത്രമുപയോഗിച്ചാണ്‌ അടിക്കാട്‌ വെട്ടുന്നത്‌. ഇതിനായി പ്രത്യേകം കരാർ നൽകി.

മുൻ വർഷങ്ങളിൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി, ആദിവാസി വിഭാഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെയാണ്‌ ഏൽപ്പിച്ചിരുന്നത്‌. ഇത്തവണ മഴ കൂടുതൽ കാലം പെയ്‌തതിനാൽ അടിക്കാടും ചെടികളും ഉണങ്ങി നശിക്കാത്തതിനാലാണ് യന്ത്രം ഉപയോഗിച്ച് വെട്ടി മാറ്റേണ്ടി വന്നത്. വെട്ടിമാറ്റിയ ചെടികൾ ഉണങ്ങിയശേഷം കത്തിക്കും.

തീപിടിത്ത സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടം ഫയർലെെൻ ഒരുക്കുന്നത്. വേനൽ കടുക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ ഫയർലെെൻ തീർക്കേണ്ടിവരും.