Wed. Apr 24th, 2024
മലപ്പുറം:

144 കോടി രൂപ ഫണ്ടനുവദിച്ച് നിര്‍മാണം പുരോഗമിക്കുന്ന മലപ്പുറം ജില്ലയിലെ പുലാമന്തോള്‍. മേലാറ്റൂര്‍ പാതയില്‍ പ്രധാന നഗരങ്ങളിലെ കയ്യേറ്റം പോലും ഒഴിപ്പിക്കാനാവാതെ പൊതുമരാമത്ത്. കയ്യേറ്റങ്ങള്‍ ഒഴിയാത്തതുകൊണ്ട് പഞ്ചായത്ത് റോഡിന്‍റെ വീതി പോലുമില്ലാതെയാണ് നിര്‍മാണം പുരോഗമിക്കുന്നത്.

കരാറുകാരന് തോന്നുംപോലെ നിര്‍മാണം നടത്താനാവില്ലെന്ന മുന്നറിയിപ്പുമായി പെരിന്തല്‍മണ്ണ നഗരസഭയും രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാന രണ്ടു ആശുപത്രികള്‍ക്കു മധ്യത്തില്‍ സംസ്ഥാനപാത പണിയുന്നതിപ്പോള്‍ 5 മീറ്റര്‍ വീതിയിലാണ്. ഉദ്യോഗസ്ഥര്‍ താല്‍പര്യമെടുത്താല്‍ കയ്യേറ്റം ഒഴിപ്പിച്ച് 10 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് ഇവിടെ റോഡ് നിര്‍മിക്കാനാവും.

ഈ ഭാഗത്തു മാത്രം 16 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് നല്‍കിയ വിവരാവകാശ രേഖയിലുണ്ട്. പകുതി കയ്യേറ്റങ്ങള്‍ പോലും ഒഴിപ്പിച്ചെടുക്കാന്‍ താല്‍പര്യം കാട്ടാത്തതുകൊണ്ട് ഉളള വീതിയില്‍ നിര്‍മാണം പൂര്‍ത്തിക്കി കടമ തീര്‍ക്കാനുളള ഒാട്ടത്തിലാണ് കരാറുകാരന്‍. പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരേയുളള 30 കിലോമീറ്ററില്‍ നൂറു കണക്കിന് കയ്യേറ്റങ്ങള്‍ വ്യക്തമാണങ്കിലും ഒഴിപ്പിക്കാതെയാണ് എല്ലായിടത്തും നിര്‍മാണം പുരോഗമിക്കുന്നത്.