കാസർകോട്:
ആർ ടി ഒ ചെക്ക്പോസ്റ്റ് കടക്കാൻ പണത്തിനു പുറമെ കരിക്ക് വെള്ളവും! തലപ്പാടി ചെക്ക്പോസ്റ്റിലാണ് ഉദ്യോഗസ്ഥ-ഏജന്റ് ലോബിയുടെ കരിക്കിൻ സൽക്കാരം വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കില്‍പെടാത്ത 2000 രൂപയും ഏജന്റിെൻറ കൈയില്‍നിന്ന് 16,280 രൂപയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർക്കുവേണ്ടി ഏജന്റുമാർ പിരിക്കുന്നതാണ് തുകയെന്ന് വിജിലൻസ് സംഘം പറഞ്ഞു.
ചെക്ക്പോസ്റ്റ് കടക്കാൻ വാഹനമുടമകളാണ് കരിക്കുമായെത്തുന്നത്. ഏജന്റുമാരാണ് ഇത്തരം സൂത്രപ്പണികൾ ശരിയാക്കിക്കൊടുക്കുന്നത്. തലപ്പാടിയിലെ വനംവകുപ്പ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഏജന്റുമാരെ വെച്ച് പണം പിരിക്കുന്നത്. ഏജന്റുമാരെ സമീപത്തെ വനം ചെക്ക്പോസ്റ്റില്‍ താമസിപ്പിച്ചാണ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടത്തിയ പരിശോധനയില്‍ എജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിനുശേഷമാണ് വനം ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള ഇടപാട് തുടങ്ങിയത്. അതേസമയം, അഞ്ചുമാസം മുമ്പ് നടത്തിയ പരിശോധനയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെ ആറോടെ വിജിലന്‍സ് ഡിവൈ എസ്പി കെ വി വേണുഗോപാലിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകപ്പിലെ ഡിവിഷനല്‍ അക്കൗണ്ടന്റ് കെ പി പ്രേംജിത്, എ എസ്ഐമാരായ കെ രാധാകൃഷ്ണന്, വി എം മധുസൂദനന്, വി ടി സുഭാഷ് ചന്ദ്രന്, എസ് സി പി ഒമാരായ വി രാജീവന്, കെ വി രതീഷ് എന്നിവര്‍ പങ്കെടുത്തു.