ഷൊർണൂർ:
ഭാരതപ്പുഴയോരത്തെ മാലിന്യം നീക്കം ചെയ്ത് സാനിയും കുടുംബവും. ദിനംപ്രതി നിരവധി ജനങ്ങൾ വന്നുപോകുന്ന ഷൊർണൂർ കൊച്ചിപ്പാലത്തിന് സമീപത്തെ ഭാരതപ്പുഴയോരമാണ് പരുത്തിപ്ര മണ്ണത്താൻമാരിൽ സാനിയും കുടുംബവും ശുചീകരിച്ചത്. സംസ്ഥാനപാത കടന്നുപോകുന്ന ഇവിടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. നഗരസഭയുടെ പാർക്കും ഓപൺ ജിമ്മും പൊതുശ്മശാനവും ഇവിടെയാണ്. അതിനാൽ പലപ്പോഴും ഇവിടെ വൻ തിരക്കാണ്.
പ്ലാസ്റ്റിക് കവറുകൾ, ടിന്നുകൾ, വെള്ളക്കുപ്പികൾ, മദ്യക്കുപ്പികൾ, ഭക്ഷ്യാവശിഷ്ടം അടക്കമുള്ള മാലിന്യങ്ങളുടെ കൂമ്പാരം തന്നെ ഇവിടെയുണ്ട്. ഈ അവസ്ഥ നേരിൽ കണ്ടറിയുന്ന സാനിയും കുടുംബവും പുഴയോരത്തെ മാലിന്യങ്ങൾ പെറുക്കി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ജല അതോറിറ്റിയുടെ കുടിവെള്ള സ്രോതസ്സും ഇവിടെയാണെന്നത് തീരുമാനത്തിന് ആക്കം കൂട്ടി.
നഗരസഭാംഗം ഷൊർണൂർ വിജയനും ഇവരോടൊപ്പം കൂടിയത് കൂടുതൽ ഊർജം പകർന്നു. സാനിയോടൊപ്പം ഭാര്യ പ്രിയ, മക്കളായ സാംദേവ്, സുദർശൻ, രണ്ട് ബന്ധുക്കൾ എന്നിവരും പങ്കാളികളായി.