Wed. Jan 22nd, 2025
തിരുവനന്തപുരം:

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാണിക്കൽ പഞ്ചായത്തിൽ തുടക്കം കുറിച്ച ‘പുഴയൊഴുകും മാണിക്കൽ’ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. പദ്ധതി അവലോകനത്തിനായി സെക്രട്ടറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുഴ മാലിന്യ രഹിതമാക്കൽ, കൃഷി വീണ്ടെടുക്കൽ, ഗ്രാമീണ ടൂറിസം നടപ്പാക്കൽ, പ്രഭാത സായാഹ്ന സവാരി പാതകൾ സൃഷ്ടിക്കൽ, നീർത്തടാധിഷ്ഠിത വികസന പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങി വ്യത്യസ്ത ഘടകങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയാണിത്‌.

വേളാവൂർ തോട് എന്നറിയപ്പെടുന്ന പുഴയുമായി ബന്ധിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാണിക്കൽ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ്‌ തുടക്കം കുറിച്ചിട്ടുള്ളത്. തടസ്സങ്ങളില്ലാത്ത സ്ഥലങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ ആദ്യം പൂർത്തിയാക്കണമെന്നും പ്രദേശത്ത് നേരിട്ടെത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്ത ജലവിഭവം, വനം, ടൂറിസം, മണ്ണ്‌സംരക്ഷണം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

പദ്ധതി നടത്തിപ്പിനായി എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പുഴ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം സുസ്ഥിരമായി അത് നിലനിർത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് നവകേരള കർമപദ്ധതി കോ ഓർഡിനേറ്റർ ടി എൻ സീമ പറഞ്ഞു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പദ്ധതി കോ ഓർഡിനേറ്റർ ജി രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺമാരായ സുരേഷ്‌കുമാർ, അനിൽകുമാർ, സഹീറത്ത് ബീവി, പഞ്ചായത്ത് സെക്രട്ടറി, ഹരിതകേരളം മിഷനിലെയും വിവിധ വകുപ്പുകളിലെയും സംസ്ഥാനതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.