Mon. Dec 23rd, 2024
പാലക്കാട്:

പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. അടുത്ത കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും കൂട്ടിൽ വെക്കുമെന്ന് വാളയാർ റെയ്ഞ്ച് ഓഫീസർ അറിയിച്ചു.

ഇന്ന് പുലർച്ചയ്ക്കാണ് അമ്മ പുലി കുഞ്ഞിനെ കൊണ്ടുപോയത്. കാടു പിടിച്ച പ്രദേശങ്ങളിലേക്കോ അല്ലെങ്കിൽ ദൂരെ എവിടേക്കെങ്കിലോ അമ്മപ്പുലി കുഞ്ഞിനെകൊണ്ടു പോയിട്ടുണ്ടാകാം എന്നാണ് സൂചന. അതേസമയം കൂടുതൽ കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ട് പുലിയുടെ സാന്നിധ്യം പ്രദേശത്തില്ലെന്ന് ഉറപ്പു വരുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.

പുലിയെ കെണിയിൽ വീഴ്ത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ധോണി വനമേഖലയോട് ചേർന്നുള്ള തകർന്ന വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പൂട്ടിയിട്ട വീട്ടിലാണ് പുലി പ്രസവിച്ചത്.

പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് കൂട് വെക്കാൻ തീരുമാനിച്ചത്.