Sat. Jan 18th, 2025

ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്.

എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്.

കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി. വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക.

അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ട് തന്നെ ഒരു നഗരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സുരക്ഷിതമെന്ന് ബിസിസിഐ കരുതുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ടൂർണമെൻ്റുകൾ മാറ്റിവച്ചിരുന്നു. അതും ഈ തീരുമാനത്തെ സ്വാധീനിച്ചു. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടക്കുക.

വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്.

അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്. 40000 കോടി രൂപയെന്ന് പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. സംപ്രേഷണാവകാശത്തിനായുള്ള ലേല ടെൻഡർ ഉടൻ വിളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 16347 കോടി രൂപയ്ക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തെ സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്.